പത്തനംതിട്ട: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പേരിൽ സമരം ചെയ്ത വിദ്യാർഥികൾക്കുനേരേയുള്ള പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കുനേരേയുണ്ടായ കിരാതമായ നടപടികളിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.
നീറ്റ് പരീക്ഷപ്പിഴവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കേണ്ടതിനു പകരം അതിനെതിരേ സമരം ചെയ്യുന്ന വിദ്യാർഥികൾക്കും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കൾക്കും എതിരേ നരേന്ദ്രമോദി സർക്കാർ നടത്തിയ കിരാതമായ പോലീസ് നടപടി ജനാധിപത്യ ധ്വംസനവും സമരം ചെയ്യുവാനുള്ള അവകശത്തിന്റെ നിഷേധവുമാണെന്ന് കെപിസിസി കോർ കമ്മിറ്റി അംഗം പ്രഫ. പി ജെ കുര്യൻ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നായിരുന്നു പൊതുയോഗം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. സി. വി. ശാന്തകുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ്, മുൻ എംഎൽഎ കെ. ശിവദാസൻ നായർ, സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നേതാക്കളായ എ. സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ടി. കെ. സാജു, ഹരികുമാർ പൂതംങ്കര, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സിന്ധു അനിൽ, റെജി തോമസ്, ജോൺസൺ വിളവിനാൽ, സജി കൊട്ടക്കാട്, കെ കെ റോയിസൺ, എസ് വി പ്രസന്നകുമാർ, രജനി പ്രദീപ്, റോജി പോൾ ദാനിയേൽ, റെനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.